നിയമസഭാ സീറ്റ് നിർണയം: കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
.
വരാനിരിക്കുന്ന നിയമസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. രണ്ട് തവണ മത്സരിച്ച് തോറ്റവർ പിൻമാറണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് തമ്മിലടി രൂക്ഷമാകാൻ കാരണം. ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിനെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. സ്ഥാനാർത്ഥി നിർണയം ഏകപക്ഷീയമാക്കാൻ അനുവദിക്കില്ലെന്നും വിമതരായി മത്സരിക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. ഡിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ റിബലായി രംഗത്ത് വന്നേക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതവും അതിനെ തുടർന്ന് പൊട്ടിമുളച്ച തർക്കങ്ങളും ഒരു ഭാഗത്ത് നടന്ന് കൊണ്ടിരിക്കെയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും അടി നടക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം നിയാസിന്റെ തോൽവിയാണ് കലഹങ്ങളുടെ പ്രധാന കാരണം.

തോൽവിയുടെ ഉത്തരവാദിത്തം വാർഡ് കമ്മറ്റിക്കെന്ന അന്വേഷണ കമ്മിഷന്‍റെ ആരോപണത്തെ തുടർന്ന് വാർഡ് പ്രസിഡണ്ട് പ്രദീപ് മാമ്പറ്റ രാജിവെച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം നിയാസിനും DCC നേതൃത്വത്തിനുമാണെന്നും മാമ്പറ്റ തിരിച്ചടിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് കൗൺസിലറും കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായ കെസി ശോഭിതയും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.




