വ്യാജ നിയമന തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് അരവിന്ദ് വെട്ടിക്കലുമായി തെളിവെടുപ്പ് നടത്തി
പത്തനംതിട്ട: വ്യാജ നിയമന തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലുമായി പൊലീസ് കലക്‌ടറേറ്റിൽ തെളിവെടുപ്പ് നടത്തി. ഇടയാറൻമുള സ്വദേശിയായ യുവതിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേഴ്‌സ് ജോലി വാഗ്‌ദാനം ചെയ്‌ത് 80,000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയതിലും കോഴഞ്ചേരി ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായും നിയമനം നൽകാമെന്ന് പറഞ്ഞ് 40,000 രൂപ വാങ്ങിയ കേസിലുമാണ് തെളിവെടുപ്പ് നടന്നത്.

ബുധനാഴ്‌ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ തെളിവെടുപ്പ് നടക്കും. നിയമനത്തെ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥിക്ക് വിശ്വാസ്യത വരുത്താന്‍ ഇത് സംബന്ധിച്ച കൂടിയാലോചന നടന്നത് കലക്ടറേറ്റ്, ആശുപത്രി പരിസരങ്ങളില്‍ വെച്ചായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയത്. നിരവധി ആരോഗ്യ സ്ഥാപനങ്ങളിലും നിയമനം നടത്താമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം കൈപ്പറ്റിയതായാണ് പരാതി.

ആറന്മുള പൊലീസിൽ മൂന്നുപേർ ഇതിനകം പരാതി നൽകി. ചിലരിൽ നിന്ന് ലക്ഷങ്ങൾ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് കരുതുന്നു. അടുത്തിടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് അരവിന്ദിന് പുതിയ ഭാരവാഹിത്വം ലഭിച്ചത്. സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി കൂടിയാണ് അരവിന്ദ് വെട്ടിക്കൽ.

