സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി വഴി സാധിക്കും; മന്ത്രി പി രാജീവ്
കൊച്ചി: സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി (എഐ) വഴി സാധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയിൽ നടക്കുന്ന ജനറേറ്റീവ് എഐ കോൺക്ലേവിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനത്തിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ പരിശോധിക്കും. മൈനിങ് രംഗത്ത് എഐ ഉപയോഗിക്കാൻ ശ്രമിച്ചുവരികയാണ്.

കാർഷികരംഗത്ത് പ്രതിരോധശേഷിയുള്ള വിത്തുകൾ കണ്ടെത്താൻ എഐ ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിങ് രംഗത്തും കേരളത്തിലെ ചില കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. എഐ കോൺക്ലേവ് കേരളത്തിൽ നല്ല മാറ്റത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ ലോകത്തിനുമുന്നിൽ ഷോകേസ് ചെയ്യാനായുള്ള ശ്രമം കൂടിയാണിത്. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഏറ്റവും ആദ്യം പ്രയോജനപ്പെടുത്താൻ കേരളത്തിനാകണം.

കേരളത്തെ എഐ ഹബ്ബ് ആക്കുകയെന്നതാണ് ലക്ഷ്യം. 80,000 അധ്യാപകർക്ക് എഐ ടൂളുകൾ ഉപയോഗിക്കാൻ പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. എഐയിൽ വൈദഗ്ധ്യം നേടാൻ തയ്യാറായാൽ ജോലിസാധ്യത വർധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര് ഹരികൃഷ്ണന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

