കേരള സാഹിത്യ അക്കാദമി അവാർഡ് നേടി അരിക്കുളം സ്വദേശി സി. എം. മുരളീധരൻ

വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി അരിക്കുളം സ്വദേശി സി. എം. മുരളീധരൻ. “ഭാഷാസൂത്രണം പൊരുളും വഴികളും” എന്ന കൃതിയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. വൈജ്ഞാനിക മലയാളത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ആഴമേറിയ ഗവേഷണത്തിൻ്റെ ഫലമാണ് ഈ കൃതി.
അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തൽ സി.എം.മുരളീധരൻ അരിക്കുളത്തെ മിക്കവർക്കുമറിയാത്ത അരിക്കുളക്കാരനാണ്. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ച പ്രൊഫസർ എം.പി ശ്രീധരൻ മാഷിന്റെയും സി. എം ജനാർദ്ദനൻ മാഷിന്റെയും അനിയനാണ് ഇദ്ദേഹം. ബി.കെ.എൻ.എം സ്കൂളിലും അരിക്കുളം യുപി സ്കൂളിലും എസ്.വി.എ.എസ് സ്കൂളിലും അദ്ദേഹം പഠിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് ജോലി കിട്ടി. ജോലിയ്ക്കിടയിൽ തിരക്കേറിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായി. പിന്നീട് സംസ്ഥാന അദ്ധ്യക്ഷനായി, പരിഷത്ത് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപനായി. പരിഷത്ത് പ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ കുടുംബവും സജീവമായി കൂടെയുണ്ട്. സാമൂഹ്യ പ്രവർത്തനം അവർക്ക് ഒരു കുടുംബ കാര്യമാണ്.

