പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്; വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൌണ്ട്കളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്‌ഘാടന വിവരം ആദ്യം പങ്കുവെച്ചത്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍.

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ സാധിക്കാത്തവർക്കാണ് വിദ്യാമൃതം-5 തുണയാകുന്നത്. അവര്‍ക്ക് ഒരു കൈത്താങ്ങായി ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാര്‍മസി, കോളേജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും വിവിധ കോഴ്‌സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം. കഴിഞ്ഞ മൂന്നു വര്‍ഷമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരമൊരുങ്ങിയാതായി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി പറഞ്ഞു.
എസ്.എസ്.എല്‍.സിയുടെയും പ്ലസ്ടു വിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാര്‍ത്ഥികള്‍ക്ക് എം.ജി.എം. ഗ്രൂപ്പിന്റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.
ചടങ്ങില്‍ എം.ജി.എം. ഗ്രൂപ്പ് ഓഫ് കോളേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് അഹിനസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന്‍ ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിൽ പങ്കാളികൾ ആവാനും കൂടുതൽ വിവരങ്ങൾക്കുമായി –994648 5111, 994648 4111 നമ്പറുകളിൽ വിളിക്കുക.
