അമിതമായി ചിന്തിക്കുന്ന ആളാണോ? എന്നാലത് ശരീരത്തെയും ബാധിക്കും, എങ്ങനെയെന്ന് അറിയാം
.
ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. അമിതമായി ചിന്തിച്ച് കാടുകയറി എവിടെയൊക്കയോ എത്തി തിരിച്ചുവരാന്‍ കഴിയാതെ മനസ് കുഴപ്പത്തിലാകുന്നുണ്ടോ?. ശരീരത്തിന് ക്ഷീണം തോന്നാറുണ്ടോ?. അമിതമായി ചിന്തിക്കുന്നത് സാധാരണമാണെന്ന് തോന്നിയേക്കാം. പക്ഷേ അത് മനസിനെ കീഴടക്കിയാലോ? ഹൃദയം വേഗത്തില്‍ മിടിക്കുകയും നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടുകയും ഭയം നിങ്ങളെ നിയന്ത്രിക്കുകയും ചെയ്യും.

എന്താണ് അമിത ചിന്ത അഥവാ ഓവര്‍തിങ്കിങ്
ഒരു കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കാന്‍ മനസിനെ പ്രേരിപ്പിക്കുന്നതോ വളരെയധികം സമയം അതേക്കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നതോ ആണ് ഓവര്‍തിങ്കിങ്. ഇത്തരത്തില്‍ ഭാവിയെക്കുറിച്ച് അമിതമായി ചിന്തിക്കുകയും നെഗറ്റീവായ കാര്യങ്ങളിലേക്ക് മനസിനെ വലിച്ചിടുകയും ചെയ്യുമ്പോള്‍ അത് മനസിനെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തും.

അമിത ചിന്ത ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്
അമിതമായി ചിന്തിക്കുന്നത് പരിഭ്രാന്തിയിലേക്ക് നയിക്കുന്നു. ആ ചിന്തകള്‍ ഭയത്തിലേക്കും നയിക്കും. അമിത ചിന്ത മനസിനെ മാത്രമല്ല പതിയെ പതിയെ ശരീരത്തിനെയും ബാധിക്കും. ചിന്തകള്‍ നിലയ്ക്കാതെ വരുമ്പോള്‍ തലച്ചോറ് എന്തോ കുഴപ്പമുണ്ടെന്ന് കരുതുകയും അത് fight -or-flightമോഡ് ഓണ്‍ ആക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ധിക്കുകയും, ഹൃദയമിടിപ്പ് വേഗത്തിലാവുകയും, ശ്വാസോച്ഛ്വാസം പതുക്കെയാവുകയും പേശികള്‍ വലിഞ്ഞുമുറുകുകയും ശരീരത്തിന് അസ്വസ്ഥത തോന്നുകയും ചെയ്യും. തലച്ചോറ് ആശയക്കുഴപ്പത്തിലാകുമ്പോഴാണ് ശരീരത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഇങ്ങനെ ഹൃദയാഘാതത്തിന്റെ സമാനമായ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നതിനെയാണ് പാനിക് അറ്റാക് എന്ന് പറയുന്നത്. മോശം ഉറക്കം, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, ഭക്ഷണം ഒഴിവാക്കല്‍, പോഷകഘടകങ്ങളുടെ കുറവ്, സമ്മര്‍ദ്ദം ഇവയെല്ലാം പാനിക് അറ്റാക് ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്നതും പലരും അവഗണിച്ചുകളയുന്നതുമായ ഘടകങ്ങളാണ്.

അമിത ചിന്തയും പാനിക് അറ്റാക്ക് സാധ്യതയും ഒഴിവാക്കുന്നത് എങ്ങനെ
ശരിയായ ഉറക്കം ശീലിക്കുക, ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം കുറയ്ക്കുക, സാവധാനത്തില്‍ ശ്വാസം ഉളളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്ത് അല്‍പസമയം ഇരിക്കുക, മനസിനെ ശാന്തമാക്കി വെയ്ക്കുക, ഭയചിന്തകള്‍ ഒഴിവാക്കുക ഇവയൊക്കെ അമിത ചിന്തയേയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും. മനസിനെ നിയന്ത്രിക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുന്നില്ല എങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് സഹായം തേടേണ്ടതാണ്.



