KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: ചീഫ് ജസ്റ്റീസിനെ മറികടക്കുന്ന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്‌പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ ഉത്തരവ്‌ മറികടക്കുന്ന ബിൽ ലോക്സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനം പൂർണമായും സർക്കാർ നിയന്ത്രണത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് ലോക്സഭയിൽ പാസായത്. മൂന്നിൽ രണ്ട് പ്രതിപക്ഷ എം പിമാരേയും സസ്‌പെൻഡ് ചെയ്ത്  പുറത്തുനിർത്തിയിരിക്കുമ്പോഴാണ് ലോകസഭ ബിൽ പാസാക്കിയത്. രാജ്യസഭ നേരത്തെ ഈ ബിൽ പാസാക്കിയിരുന്നു.

പുതിയ ബിൽ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയാകും ഇനി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെയും അം​ഗങ്ങളെയും തീരുമാനിക്കുന്നത്‌. സമിതിയിൽനിന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കി.

പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്‌ജസ്റ്റിസും ഉൾപ്പെട്ട സമിതിയാകണം കമീഷൻ അംഗങ്ങളെ നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കുന്ന ബില്ലിനാണ് ഇപ്പോൾ ഇരുസഭകളും അംഗീകാരം നൽകിയിരിക്കുന്നത്. ഇത് പ്രാബല്യത്തിൽവന്നാൽ  തെരഞ്ഞെടുപ്പു കമ്മീക്ഷന്റെ നിഷ്പക്ഷത വരെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Advertisements
Share news