KOYILANDY DIARY.COM

The Perfect News Portal

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം; രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി

.

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2024ലെ ആന്റിബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എസ്.എച്ച്.എ. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, കാര്‍സാപ്പ് നോഡല്‍ ഓഫീസര്‍ ഡോ. എന്‍. സരിത, കാര്‍സാപ്പ് കണ്‍വീനര്‍ ഡോ. അരവിന്ദ്, ഡോ. സത്യഭാമ എന്നിവര്‍ പങ്കെടുത്തു. 2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം പുറത്തിറക്കിയത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് കേരളം ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്.

 

കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് (കാര്‍സ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആര്‍ പ്രതിരോധം ശക്തമാക്കിയത്. സംസ്ഥാന ആന്റിബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് മുന്‍കാലത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ഭീഷണിയായാണ് കാണുന്നത്. പ്രതിരോധം വിലയിരുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലെ 59 ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു. മുമ്പ് ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോതാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം.

Advertisements

 

40,323 സാമ്പിളുകളാണ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ അവലോകനം ചെയ്തതെങ്കില്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 55,640 സാമ്പിളുകളാണ് അവലോകനം ചെയ്തത്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ എഎംആര്‍ പ്രതിരോധം അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു. ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച AWaRe മെട്രിക്‌സ് പ്രകാരം കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്.

 

ഈ വര്‍ഷം അവസാനത്തോടെ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ആന്റിബയോട്ടിക് വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കും. ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 2 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി പ്രഖ്യാപിച്ചു. 100 ആശുപത്രികള്‍ കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി ഉടന്‍ മാറും.

 

ആന്റിബയോട്ടിക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാം

· ആന്റിബയോട്ടിക്കുകള്‍ കൃത്യതയോടെ ഉപയോഗിച്ചില്ലെങ്കില്‍ അവയെ ചെറുക്കുന്നതിനുള്ള ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടി ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകും
· ഡോക്ടറുടെ കുറിപ്പടി പ്രകാരം, നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ നിശ്ചിത അളവില്‍ കൃത്യസമയങ്ങളില്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കാന്‍ പാടുള്ളു, കഴിക്കേണ്ട രീതിയെ കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് ചോദിക്കുക.
· ഒരിക്കല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കുറിപ്പടി ഉപയോഗിച്ച് വീണ്ടും വാങ്ങി കഴിക്കരുത്. കഴിച്ച ആന്റിബയോട്ടിക് മറ്റാരുമായും പങ്കുവയ്ക്കരുത്, ഉപയോഗിച്ച ആന്റിബയോട്ടിക് പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
· ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍ ആന്റ്‌റിഫംഗലുകള്‍, ആന്റിപാരാസൈറ്റിക്കുകള്‍ എന്നിവയുടെ ഉപയോഗം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം

Share news