കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൂടി രോഗമുക്തി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്. വികസിത രാജ്യങ്ങൾ പോലും അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തിൽ പരാജയപ്പെടുമ്പോൾ, കേരളം മാതൃകയാവുകയാണ്.

കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ചത്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് ഗുരുതരമായി രോഗം ബാധിച്ച ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം മലപ്പുറം ചേലമ്പ്ര രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് കാര്യക്ഷമമായി പരിശോധന നടത്തുന്നതുകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ജപ്പാനിൽ നിന്ന് മിൽറ്റി ഫോസ് എന്ന മരുന്നും എത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ജാഗ്രതാ നിർദ്ദേശമുണ്ട്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ വാട്ടർ ടാങ്കുകളും കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

