KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂർ വെങ്ങൂരില്‍ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാള്‍കൂടി മരിച്ചു

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരില്‍ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാള്‍കൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്ത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഇവരെ മാറ്റിയിരുന്നു. രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

അതേസമയം, പെരുമ്പാവൂരിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 227 ആയി. ഇവരില്‍ 45ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 17-നാണ് വെങ്ങൂർ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തില്‍ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്യുന്നത്.

പിന്നീട് 19-ാം തീയതി പത്താം വാർഡിലും 12-ാം വാർഡിലും രണ്ടു പേർക്ക് വീതംകൂടി രോഗബാധ സ്ഥിരീകരിച്ചു. തുടർന്നാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയമുണ്ടായതും വിശദമായ അന്വേഷണം തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

Share news