KOYILANDY DIARY.COM

The Perfect News Portal

കെപിപിഎല്ലിൽ വീണ്ടും തീപിടിത്തം

തലയോലപ്പറമ്പ്: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം. ബ്രോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവെയർ ബെൽറ്റിലാണ്‌ വ്യാഴാഴ്ച പുലർച്ചെ 4.45ന്‌ തീപിടിത്തമുണ്ടായത്. ബെൽറ്റും മോട്ടോറും വയറിങ്ങും നശിച്ചു. കൺവെയറിന്റെ ചൂട്‌ കുറയ്ക്കുന്ന സ്‌പ്രിങ്ക്‌ളറിന്റെ പ്രവർത്തനം ഫലപ്രദമല്ലാതിരുന്നത്‌ നാശനഷ്ടം വർധിപ്പിച്ചു.

തൊഴിലാളികൾ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടുത്തുരുത്തി, വൈക്കം ഫയർ സ്‌റ്റേഷനുകളിൽനിന്ന്‌ ഫയർ യൂണിറ്റുകൾ എത്തി രണ്ട്‌ മണിക്കൂർകൊണ്ടാണ്‌ തീയണച്ചത്‌. കൽക്കരിക്ക്‌ തീ പിടിച്ച്‌ കൺവെയർ ബെൽറ്റിലേക്ക്‌ പടർന്നതാണ്‌ അഗ്നിബാധയ്‌ക്ക്‌ കാരണമെന്നാണ്‌ നിഗമനം. അധികം തൊഴിലാളികളില്ലാതിരുന്നതിനാൽ തീപിടിച്ചത്‌ അറിയാനും വൈകി.

 

ഒക്‌ടോബർ അഞ്ചിന്‌ കെപിപിഎല്ലിലെ പേപ്പർ മെഷീനിന്‌ തീപിടിച്ച്‌ കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു. ഇത്‌ അറ്റകുറ്റപ്പണി നടത്തി ഉൽപാദനം ആരംഭിച്ചിട്ട്‌ ആഴ്‌ചകളേ ആയിരുന്നുള്ളൂ. തീപിടിത്തത്തിൽ നശിച്ച കൺവെയർ ബെൽറ്റ്‌ മാറ്റി പ്രവർത്തനം പുനരാരംഭിക്കാൻ മൂന്നോ നാലോ ദിവസമെടുക്കും.

Advertisements
Share news