കൊച്ചിയിൽ വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വനിതാ ഡോക്ടർക്ക് നഷ്ടമായത് 6.38 കോടി രൂപ
.
എറണാകുളം: കള്ളപ്പണ ഇടപാട് നടത്തിയെന്നും ‘ഡിജിറ്റൽ അറസ്റ്റിലാണെന്നും’ ഭീഷണിപ്പെടുത്തി കൊച്ചിയിൽ വനിതാ ഡോക്ടറിൽ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വൻ തട്ടിപ്പിന് ഇരയായത്. മുംബൈ സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്.

തന്റെ പേരിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവർ ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റേതെന്ന വ്യാജേന നൽകിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബർ 3 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ ഡോക്ടർ പണം കൈമാറുകയായിരുന്നു.

രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ ആർബിഐ അക്കൗണ്ടിൽ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നൽകുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടർ തിരിച്ചറിഞ്ഞത്. തുടർന്ന് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ഫോൺ മുഖേനയോ വീഡിയോ കോൾ മുഖേനയോ ആരെയും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യില്ലെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ ഉടൻ സൈബർ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



