അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കൊയിലാണ്ടി നഗരസഭയിൽ ജനകീയ ക്യാമ്പെയിന് സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ (Amoebic Meningoencephalitis) പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കൊയിലാണ്ടി നഗരസഭയിൽ ജനകീയ ക്യാമ്പെയിനുള്ള സംഘാടക സമിതി രൂപീകരിച്ചു. നവംബർ 1 വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. രോഗത്തെക്കുറിച്ചുള്ള പഠനം, പ്രതിരോധ നടപടികൾ, ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയ്ക്കൊപ്പം ജനകീയ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹരിത കേരളം മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജില സി, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ കമ്മിറ്റി സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി, നഗരസഭ സെക്രട്ടറി പ്രതീപ് എസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് മരുതേരി, റിഷാദ് കെ, ലത, ജമീഷ് എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായ നിരഞ്ജന ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ നഗരസഭയിലെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ , ആശാ വർക്കർമാർ,അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

