കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കും; മന്ത്രി എം ബി രാജേഷ്

പാലക്കാട്: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയിൽ. ഇത് സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിൽ വ്യക്തപരമായ പരാതികൾക്ക് പുറമെ പൊതുവായ പ്രശ്നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്. സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴ് വർഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിൽ ഉണ്ടായതാണ്. കെട്ടിട നിർമാണ പെർമിറ്റ് എടുത്ത ശേഷം നിർമാണം നടന്നില്ലെങ്കിൽ ഈടാക്കിയ അധിക എഫ്എആർ ഫീസ് തിരിച്ചുനൽകാനും തീരുമാനമായി.

