KOYILANDY DIARY.COM

The Perfect News Portal

നിപ പ്രതിരോധത്തിൻറെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

നിപ ബാധിച്ചവരില്‍ നിന്നും സമ്പര്‍ക്കമുണ്ടായ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താന്‍ പൊലീസിൻറെ കൂടി സഹായം തേടിയിരുന്നു ആരോഗ്യവിഭാഗം. ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഇന്നത്തെ യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട് റൂറല്‍ എസ് പി, സിറ്റി പൊലീസ് കമ്മിഷണര്‍, ഡിസിപി, ജില്ലാ കളക്ടര്‍ തുടങ്ങിയവരും യോഗത്തിലുണ്ടാകും.

പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിപാ ഭീതിയില്‍ ആശ്വാസമാണ്. ആദ്യത്തെ നിപ കേസില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചത് എന്നതിനാല്‍ രണ്ടാം തരംഗം ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തല്‍. നിലവില്‍ 1233 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 352 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. അതേസമയം, കേന്ദ്ര സംഘത്തിൻറെ രോഗബാധിത പ്രദേശങ്ങളിലുള്ള സന്ദര്‍ശനം തുടരുകയാണ്. ഇന്നലെ കുറ്റ്യാടിയില്‍ എത്തി സംഘം പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധസംഘം ഇന്ന് കോഴിക്കോട് എത്തും.

Advertisements
Share news