KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആനയിടഞ്ഞ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള 5 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വി.എൻ. വാസവൻ കൈമാറി. മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകൾ മുൻകൈയെടുത്ത് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്. മരിച്ച ലീല, അമ്മുകുട്ടി എന്നിവരുടെ വീട്ടിൽ മന്ത്രി നേരിട്ട് എത്തി തുകയുടെ ചെക്ക് കൈമാറി. രാജൻ്റെ കുടുംബം മണക്കുളങ്ങരയിൽ നേരിട്ടെത്തി മന്ത്രിയിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. പരുക്കേറ്റവരുടെ ചികിത്സ സൗജന്യമാണ്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് വനംവകുപ്പിന്റെ അന്തിമ റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകൂ എന്നും മന്ത്രി പറഞ്ഞു. മലബാർ ദേവസ്വം 2 ലക്ഷവും ഗുരുവായൂർ ദേവസ്വം 3 ലക്ഷവു വീതമാണ് അനുവദിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത് എന്നാണ് ദൃക്സാക്ഷികളടക്കം പറയുന്നത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു. മരിച്ചവരിൽ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടം തകർന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിതറിയോടിയപ്പോൾ തട്ടിവീണാണ് നിരവധി പേർക്ക് പരുക്ക് പറ്റിയത്.

Share news