അമീബിക് മസ്തിഷ്‌ക ജ്വരം;കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്‌കോപ്പിന് ഫണ്ട് അനുവദിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ബാധിത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഉപകരണം വാങ്ങാൻ എട്ട് ലക്ഷം രൂപ അനുവദിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്‌കോപ്പാണ് വാങ്ങുക. മന്ത്രിയുടെ വികസന ഫണ്ടിൽനിന്നാണ് ഇതിനായി പണം അനുവദിച്ചത്. രോഗം ശാസ്ത്രീയമായി തിരിച്ചറിയാൻ സഹായകരമാവുന്ന ഉപകരണമാണിത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശിയായ നാലുമാസം പ്രായമുള്ള ആൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശിനിയായ 52 കാരിയും ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. നിലവിൽ രോഗം ബാധിച്ച പത്തുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, കാസർകോട്, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

അതേസമയം മരിച്ച സ്ത്രീക്ക് കാർഡിയാക്ക് പ്രശ്‌നം ഉണ്ടായിരുന്നതായും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ ശേഷി കുറവായിരുന്നുവെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. നെഗ്ലീറിയ വിഭാഗത്തിൽപ്പെട്ട അമീബയാണ് രണ്ടുപേരുടേയും തലച്ചോറിൽ പ്രവേശിച്ചത്.

