നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെ സമരനായകൻ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ

നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെ സമരനായകൻ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ.. ‘ഇല്ല.. ഇല്ല.. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യങ്ങളാണ് ആ ചെങ്കടലിൽ അലയടിക്കുന്നത്. തങ്ങളുടെ ജനനായകൻ ഒരുനോക്ക് കാണാനായി പതിനായിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയിട്ടുള്ളത്. ‘വി എസ്’ എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി മാറിയ ജനകീയ നേതാവിന്റെ വേർപാടിൽ കണ്ണീരണിഞ്ഞിരിക്കുകയാണ് ഓരോ മനുഷ്യനും.

പട്ടം എസ് യു ടി ആശുപത്രിയിൽ നിന്നും വിഎസിന്റെ മൃതദേഹം പാർട്ടി നേതാക്കളാണ് ഏറ്റുവാങ്ങിയത്. പിന്നാലെ വിലാപയാത്രയായി എകെജി സെന്ററിലേക്ക് എത്തിച്ചു. വഴിയരികിൽ തങ്ങളുടെ നേതാവിന് യാത്ര നൽകാൻ നിരവധിയാളുകളാണ് നിറഞ്ഞ കണ്ണുകളുമായി കാത്തുനിന്നിരുന്നു.

ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം. രാത്രിയിലും പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

