KOYILANDY DIARY.COM

The Perfect News Portal

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് റൺവേയിൽ തീപിടിച്ചു; ചിറക് വ‍ഴി രക്ഷപ്പെട്ട് യാത്രക്കാർ

വ്യാഴാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡാളസിലേക്ക് പോകാനൊരുങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. വൈകുന്നേരം 6.15 ഓടെയാണ് അപകടം ഉണ്ടായത്. ആറ് ജീവനക്കാർ ഉൾപ്പെടെ 178 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനം 1006 നാണ് തീപിടിച്ചത്. കത്തുന്ന വിമാനത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു വീഡിയോയിൽ വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്നതും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ വിമാനത്തിന്റെ ചിറക് വഴി പുറത്തേക്ക് ഇറങ്ങുന്നതും കാണാം. ലാൻഡിംഗിന് ശേഷം ഗേറ്റിലേക്ക് നീങ്ങുകയായിരുന്ന വിമാനത്തിന്റെ എൻജിനിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീ പടർന്നത്.

 

 

ഉടൻ തന്നെ 172 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും വിമാനത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും അവരെ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തതായി എയർലൈൻ അധികൃതർ പറഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലും നിലത്തുമുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി വേഗത്തിലും രക്ഷാ നടപടി സ്വീകരിച്ചതിന് ഞങ്ങളുടെ ക്രൂ അംഗങ്ങൾക്കും, രക്ഷാ പ്രവർത്തകർക്കും ഞങ്ങൾ നന്ദി പറയുന്നതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Advertisements
Share news