KOYILANDY DIARY.COM

The Perfect News Portal

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കിയില്ല; കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ല; കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ് കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ് കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ് കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്.  വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. 
സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുനാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനു മുൻപ് മന്ത്രവാദത്തിലൂടെ രാജ് കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. ഒരു മാസം മുൻപ് രാജ് കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.
Share news