KOYILANDY DIARY.COM

The Perfect News Portal

പീഡന ആരോപണം; നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ പോളി വിദേശത്ത് പോയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

2023 ഡിസംബർ 14,​15 തീയതികളിൽ ദുബായിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളി അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്‌തെന്നുമായിരുന്നു പരാതി. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിവിൻ പോളിയെയും സിനിമാ നിർമ്മാതാവ് എകെ സുനിലിനെയും ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്.

 

നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ മൊഴിയെടുത്തിരുന്നു. എന്നാൽ പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് പോയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ നിവിൻ പോളി പത്രസമ്മേളനം വിളിച്ചിരുന്നു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അന്ന് നിവിൻ പറഞ്ഞിരുന്നു.

Advertisements

 

Share news