KOYILANDY DIARY

The Perfect News Portal

അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യയുടെ നിയമനത്തിൽ അഴിമതി ആരോപണം: സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിന്റെ നിയമനത്തിൽ അഴിമതി ആരോപിച്ചു സുപ്രീംകോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി നടത്തി എന്നാരോപിച്ചാണ് ഹർജി നൽകിയത്. 
തിരുവനന്തപുരം സ്വദേശിയായ മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മണിമേഖല സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനില മേരി ഗീവർഗീസ് വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉൾപ്പെടെയായിരുന്നു ആരോപണം. നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്നും ഹർജിയിൽ പറയുന്നു.
 
അനൂപ് ജേക്കബ് ഉമ്മൻചാണ്ടി സർക്കാരിൻ്റ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്തായിരുന്നു അനിലയുടെ നിയമനം. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവാണ് അനൂപ് ജേക്കബ്. പിറവം എംഎൽഎ യായ അനൂപ് ജേക്കബ് മുൻ മന്ത്രി ടിഎം ജേക്കബിൻ്റെ മകനാണ്.