അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ 14ാമത് സമ്മേളനം സുപ്രീംകോടതി മുൻ ജഡ്‌ജി ദീപക്‌ഗുപ്‌ത ഉദ്‌ഘാടനം ചെയ്‌തു
കൊൽക്കത്ത: അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു) 14ാമത് സമ്മേളനം സുപ്രീംകോടതി മുൻ ജഡ്‌ജി ദീപക്‌ഗുപ്‌ത ഉദ്‌ഘാടനം ചെയ്‌തു. പശ്‌ചിമബംഗാൾ മുൻ നിയമമന്ത്രിയും എഐഎൽയു മുതിർന്നനേതാവുമായ രബിലാൽ മൈത്ര പതാക ഉയർത്തി.

വ്യാഴാഴ്ച നടന്ന ഉദ്‌ഘാടനസമ്മേളനത്തിൽ എഐഎൽയു ദേശീയ പ്രസിഡണ്ട് ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ അധ്യക്ഷനായിരുന്നു. എഐഎൽയു ജനറൽസെക്രട്ടറി പി വി സുരേന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുപ്രീംകോടതി മുൻ ജഡ്‌ജിയും സ്വാഗതസംഘം ചെയർമാനുമായ അശോക് കുമാർ ഗാംഗുലി സ്വാഗതം ആശംസിച്ചു.

വ്യാഴാഴ്‌ച്ച വൈകിട്ട് നടന്ന ‘നിയമവ്യവസ്ഥയും ജനാധിപത്യവും’ സെമിനാർ ഒറീസ ഹൈക്കോടതി മുൻ ചീഫ്‌ജസ്‌റ്റിസ് എസ് മുരളീധർ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 600ൽ അധികം പ്രതിനിധികൾ മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്‌ച്ച പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.

