KOYILANDY DIARY.COM

The Perfect News Portal

ഇനി അഞ്ച് മിനിറ്റിൽ ലഹരി പരിശോധന; സിറ്റി കൂടുതൽ സ്മാർട്ട് ആക്കാൻ കേരള പൊലീസ്

ഇനി വെള്ളമടിച്ചിട്ട് വണ്ടിയിൽ സിറ്റി കറങ്ങാമെന്ന വ്യാമോഹം വേണ്ട. കഞ്ചാവുൾപ്പെടെയുള്ള ലഹരി ഉപയോഗിച്ച കറങ്ങിനടക്കുന്നവരെ കണ്ടെത്താൻ ഇനി അഞ്ച് മിനിറ്റ് മതി. ഒരൽപം ഉമിനീർ മാത്രം ഉപയോഗിച്ച് ലഹരി സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റമാണ് ഇനി മുതൽ അങ്ങോട്ട് പ്രവർത്തിക്കാൻ പോകുന്നത്.

തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ കൂടി കൊണ്ടുവരുന്നത്. തിരുവനന്തപുരം സിറ്റി പൊലീസിന്‌ ഇതിനോടകം തന്നെ ഇതിനാവശ്യമായ മെഷീനുകൾ ലഭ്യമാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ 1,100 ടെസ്റ്റുകൾക്കുള്ള സൗകര്യമാണുള്ളത്. ഈ സിസ്റ്റമുപയോഗിച്ച് എംഡിഎംഎ അടക്കമുള്ള ആറിനം ലഹരി വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താനും, നിർണയിക്കാനും കഴിയും. 48 മണിക്കൂർ മുമ്പ്‌ വരെയുള്ള ലഹരി ഉപയോഗം കണ്ടെത്താൻ ഈ പരിശോധന കൊണ്ട് കഴിയും.

പൊതു ഇടങ്ങളിൽ സംശയം തോന്നുന്നവരെയൊക്കെ പരിശോധിക്കാൻ ഈ സിസ്റ്റം നിലവിൽ വരുന്നതിലൂടെ പൊലീസിന് സാധിക്കും. സാമ്പിൾ ശേഖരിക്കാനും, പരിശോധനയുടെ ഫലം ലഭിക്കാനും ഒക്കെയായായി ആകെ അഞ്ച് മിനിട്ടാണ് വേണ്ടിവരിക. കോടതിയിൽ സമർപ്പിക്കുന്ന തെളിവിനു പോലും ഇതിൽ നിന്നെടുക്കുന്ന പ്രിന്റ് തന്നെ മതി.

Share news