‘അകക്കാമ്പുകൾ’ കവിതാസമാഹാരം പ്രകാശനം നടത്തി

സൗദി അറേബ്യയിലെ ദമ്മാമിൽ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ എന്ന ആദ്യ കവിതാസമാഹാരം പ്രകാശനം നടത്തി. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡണ്ട് ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങ് സൗദി മലയാളം മിഷൻ പ്രസിഡണ്ടും നവോദയ രക്ഷാധികാരി കമ്മറ്റിയംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൗഫൽ കവിതാസമാഹാരം പ്രകാശനം ചെയ്തു. കവയത്രി സോഫിയ ഷാജഹാൻ ഏറ്റുവാങ്ങി. ചടങ്ങിൽ ദമ്മാമിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു.

പ്രകാശനചടങ്ങിൽ ഡോ. നൗഫലിനെ ആദരിച്ചു. ദമ്മാം നവോദയ കേന്ദ്ര സെക്രട്ടറി രഞ്ജിത് വടകര, നവയുഗം സാംസ്കാരിക വേദി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു വർക്കി, കനിവ് സാംസ്കാരിക വേദി രക്ഷാധികാരി ഷാജി പത്തിച്ചിറ, സൗദി മലയാളി സമാജം വൈസ് പ്രസിഡണ്ട് ലീന ഉണ്ണികൃഷ്ണൻ, സവ ജനറൽ സെക്രട്ടറി ബൈജു കുട്ടനാട്, സിയാ ഡ്രീം ക്യാച്ചേഴ്സ്, എഴുത്തുകാരികളായ ലതിക അങ്ങേപ്പാട്ട്, സീനത്ത് സാജിദ്, സാംസ്കാരിക പ്രവർത്തകൻ ഇക്ബാൽ വെളിയംകോട് എന്നിവർ ആശംസാപ്രസംഗം നടത്തി.

സൗദി മലയാളി സമാജം ശ്രീ മാത്തുക്കുട്ടി പള്ളിപ്പാടിനെ എഴുത്തിന്റെ വഴിയിൽ ആദരവ് നൽകി. എഴുത്തുകാരിയും നാടകപ്രവർത്തകയുമായ അഡ്വ. ആർ. ഷഹ്‌ന സ്വാഗതം പറഞ്ഞ യോഗത്തിന് എഴുത്തുകാരനും സൗദി മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കർ നന്ദി പറഞ്ഞു. പ്രകാശനചടങ്ങിൽ സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.

