KOYILANDY DIARY.COM

The Perfect News Portal

അക്കാദമി സോളോ ഷോ ഗ്രാൻ്റ് ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു

കൊയിലാണ്ടി: വിനോദ് അമ്പലത്തറയുടെ അക്കാദമി സോളോ ഷോ ഗ്രാൻ്റ് ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനം നവംമ്പർ 21ന് അവസാനിക്കും. ദീർഘകാലമായി കാസർഗോഡ് കേന്ദ്രീകരിച്ച് കലാപ്രവർത്തനം നടത്തുന്ന ചിത്രകാരനാണ് വിനോദ് അമ്പലത്തറ. വിനോദ് തന്റെ സമീപ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് വരക്കുന്ന പ്രകൃതി ദൃശ്യങ്ങൾ കാസർഗോഡിന്റെ ഭൂപ്രകൃതിയെ പ്രത്യക്ഷത്തിൽ കൃത്യമായി അടയാളപെടുത്തുന്നു.
എന്നാൽ കേരളത്തിലെ പ്രകൃതി ചിത്രങ്ങളുടെ ശ്രേണിയിൽ നിന്ന് വിഭിന്നമായി വിനോദിന്റെ ചിത്രങ്ങൾ ചെങ്കൽ പാറകളും പൊടിപിടിച്ച  ഇരുണ്ട പച്ച ഇലച്ചെടികളും, കശുമാവിൻ തോട്ടങ്ങളുടെ ഇരുണ്ട സാന്ദ്രതയും, ശീമക്കൊന്ന ചെടിയും  പൂക്കളും, പഴയ കെട്ടിടങ്ങളും എല്ലാം ചേർന്ന്   നിർമ്മിക്കപ്പെടുന്ന അതിസാധാരണമായ ഒരു കാസർഗോഡൻ പ്രകൃതിയുടെ അസാധാരണമായ ആവിഷ്ക്കാരമായി മാറുന്നു. ഈ മാറ്റം മാധ്യമം  ഉപയോഗിക്കുന്ന രീതിയിൽ തുടങ്ങി ഒരു സമഗ്രമായ കലാ പരിശീലന  ജീവിതത്തിനെ അനുഭവിക്കുന്നതിന്റെ കൂടി  തെളിവാണ്.
വിനോദിന്റെ ചിത്രങ്ങൾ കാൽപനികമായ ഒരു പ്രകൃതി സ്നേഹത്തിന്റെ പകർത്തി വരപ്പുകളല്ല മറിച്ച് കേരളം കണ്ട ഏറ്റവും ക്രൂരമായ  കീടനാശിനി പ്രയോഗത്തിന്റെ (എൻഡോ സൾഫാൻ) രക്തസാക്ഷിയായ ഒരു ഭൂപ്രദേശത്തിന്റെ  അടയാളപ്പെടുത്തൽ കൂടിയാണ് .
രണ്ട് സരണികളാണ് വിനോദിന്റെ ചിത്രങ്ങളിൽ പ്രകടമാകുന്നത്. ഒന്ന് പൗരസ്ത്യകല പ്രത്യേകിച്ചും ജാപ്പനീസ്, ചൈനീസ്, കൊറിയൻ ചിത്രങ്ങളിലെ ലളിതവും സുതാര്യവുമായ പരമ്പരാഗത  രീതിയും, മറ്റൊന്ന് (andrew wyeth)   ആൻഡ്ര്യൂ വെയ്ത്ത് പോലുള്ള അമേരിക്കൻ റിയലിസ്റ്റുകളുടെ യഥാർതഥമായ പ്രകൃതി ചിത്രണ രീതിയും. ഈ രണ്ട് വഴികളും മാധ്യമത്തിന്റെ സമർത്ഥമായ തിരഞ്ഞെടുപ്പിലൂടെയും, പ്രയോഗത്തിലൂടെയും വിനോദ് ഒന്നിപ്പിക്കുന്നു. 
കേരളത്തിൽ നിന്ന് കല പരിശീലിക്കുന്ന പുതു തലമുറക്ക് വഴിവെട്ടുന്നതാണ് വിനോദിനെ പോലുള്ളവരുടെ ഗ്രാമീണമായ കലാ ജീവിതം. കഠിനമായ പ്രയത്നങ്ങളും യാതനകളും ഈ യാത്രയുടെ പിറകിലുണ്ട്. വിനോദിന്റെ ചിത്രങ്ങൾ നവ്യമായ ഒരു ദൃശ്യഭാഷയെ നിർമ്മിക്കാനുള്ള ശ്രമമാണ്. ആശയങ്ങളുടെ അമിത ഭാരമോ അലങ്കാരങ്ങളോ അതിനില്ല.
Share news