KOYILANDY DIARY.COM

The Perfect News Portal

ദുബായിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കുന്നു

ദുബായിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കുന്നു. അബുദാബിയിലും ദുബായിലുമൊക്കെയായി എയർ ടാക്സികളുടെ പരീക്ഷണപറയ്ക്കലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയിലാണ് ദുബായ് ആർടിഎ ആദ്യ എയർ ടാക്സി സ്റ്റേഷൻ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എയർ ടാക്സി സേവന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് സ്റ്റേഷനുകളാണ് നിർമിക്കുക. ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് അത്.

 

 

 

ഇതിൽ ആദ്യം ഏത് സ്റ്റേഷനാണ് പ്രവർത്തനക്ഷമമാവുകയെന്ന് വൈകാതെ പ്രഖ്യാപിക്കും. സ്കൈ സ്പോർട്സുമായി ചേർന്നാണ് സ്റ്റേഷനുകളുടെ രൂപകൽപന. ടേക് ഓഫിനും ലാൻഡിങ്ങിനും പ്രത്യേക ഇടങ്ങൾ, ഇലക്ട്രിക് ചാർജിങ് സംവിധാനം, യാത്രക്കാർക്ക് ഇരിക്കാൻ പ്രത്യേക സൗകര്യം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം എയർ ടാക്സി സ്റ്റേഷനുകളിൽ ഉണ്ടാകും.

 

ആധുനികവും ഫലപ്രദവുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കാനാണ് എയർ ടാക്സി സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ഹോട്ടലുകളും വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആർടിഎയിലെ പൊതുഗതാഗത ഏജൻസിയിലെ ഗതാഗത സിസ്റ്റംസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.

Advertisements

 

 

2026 ആദ്യപാദത്തോടെ വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സികൾ പ്രവർത്തനം ആരംഭിക്കുമെന്ന് പറക്കും ടാക്സി സേവന ദാതാക്കളായ ജോബി ഏവിയേഷൻസ് അറിയിച്ചു. പ്രാരംഭ സർവീസുകൾ അടുത്ത വർഷം അവസാനത്തോടെ തുടങ്ങിയേക്കുമെന്നും ദുബായിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട് കോൺഗ്രസിൽ ജോബി ഏവിയേഷൻസ് വ്യക്തമാക്കി.

Share news