ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ; 119 വിമാനങ്ങള്‍ വൈകുന്നു

ദില്ലിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയില്‍ തുടരുന്നു. നഗര പ്രദേശങ്ങളില്‍ 450ന് മുകളിലാണ് വായുഗുണനിലവാര സൂചിക. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രെം ഹോം ആരംഭിക്കാന്‍ തീരുമാനം. അതേസമയം പുകമഞ്ഞ് രൂക്ഷമായതോടെ 119 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യ തലസ്ഥാനത്തെ വായുഗുണനിലവാരം ഗുരുതരമായി തുടരുകയാണ്. തുടര്‍ച്ചയായി വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും.

ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയ് അറിയിച്ചു. പുകമഞ്ഞ് രൂക്ഷമാകുന്നത് വിമാന-ട്രെയിന്‍ സര്‍വീസുകളെയും സാരമായി ബാധിച്ചു.119 വിമാനങ്ങള്‍ വൈകിയോടുമെന്നും 9 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. 9 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍ സ്‌കൂളുകളും ദില്ലി സര്‍വകലാശാലയും അടച്ചു. നവംബര്‍ 23 ശനിയാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

