ബസ്സ് ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു.

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന പാത ഉപരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് അധ്യക്ഷത വഹിച്ചു.
.

.
മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്രയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നുണ്ടെന്നും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനാകാതെ പോകുന്നതും പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികൾ സ്വീകരിക്കാത്തതുമാണ് അപകടങ്ങൾ തുടർ കഥയാവുന്നതെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു.

ബസ് ജീവനക്കാർ നിയമലംഘനം നടത്തി മത്സരയോട്ടം നടത്തിയാൽ ശക്തമായ സമരത്തിന് എ.ഐ.വൈ.എഫ് നേതൃത്വം നൽകും. ജിജോയ് ആവള, അഖിൽ കേളോത്ത്, രാജു പി കെ, വിനോദ് തിരുവോത്ത് തുടങ്ങിയവർ സംസാരിച്ചു. അദ്വൈത് പി ആർ, പ്രമോദ്, അതുൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
