KOYILANDY DIARY

The Perfect News Portal

രണ്ടുപതിറ്റാണ്ട്‌ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ്‌ നടപടികൾക്ക്‌ വേഗം കൈവരുന്നു

കോഴിക്കോട്‌: രണ്ടുപതിറ്റാണ്ട്‌ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ്‌ നടപടികൾക്ക്‌ വേഗം കൈവരുന്നു. കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകുന്ന ബിഎം ബിസി നിലവാരത്തിലുള്ള റോഡിനായി ഭൂമി വിട്ടുനൽകുന്നവർക്കുളള നഷ്ടപരിഹാരം സംബന്ധിച്ച്‌ ഈ മാസം അവസാനം സർക്കാർ തീരുമാനമെടുക്കും. 215 ആർ ഭൂമി ഏറ്റെടുക്കാൻ  24.37 കോടി രൂപയാണ്‌ അനുവദിച്ചത്‌.
2016-17 ബജറ്റിലാണ്‌ കുറ്റ്യാടി – പേരാമ്പ്ര റോഡിൽ തുടങ്ങി ഊരത്ത്‌ റോഡ്‌ വഴി കടേക്കച്ചാൽ വഴി കുറ്റ്യാടി–- നാദാപുരം സംസ്ഥാനപാതയിൽ അവസാനിക്കുന്നതാണ്‌ 1.5 കിലോമീറ്റർ  ബൈപാസ്‌. വയനാട്ടിലേക്കുള്ളതടക്കം വാഹനങ്ങൾ  കുറ്റ്യാടി നഗരത്തിൽ  മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നതിനാണ്‌  പരിഹാരമാവുക. കിഫ്‌ബിയിലൂടെ  37.96 കോടി രൂപയാണ്‌ ബൈപാസിനായി  ബജറ്റിൽ അനുവദിച്ചത്‌. റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ഓഫ്‌ കേരളയ്‌ക്കാണ്‌ നിർവഹണ ചുമതല. 12 മീറ്റർ വീതിയിലാണ്‌ രണ്ടുവരിപ്പാത. ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതകളും ഓവുചാൽ സൗകര്യവും ഉണ്ടാകും.
Advertisements
ഭൂമി വിട്ടുനൽകുന്നവരുടെ  ആശങ്ക പരിഗണിച്ച് അലൈൻമെന്റിലെ അപാകം പരിഹരിച്ചതോടെയാണ്‌ ബൈപാസ്‌ നടപടികൾക്ക്‌ വേഗം കൈവരുന്നത്‌. കെ പി കുഞ്ഞമ്മത്‌ കുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള ഇടപെടലാണ്‌ ഇതിൽ നിർണായകമായത്‌.  2021 ആഗസ്‌തിലാണ്‌  ഭൂമി ഏറ്റെടുക്കലിനുള്ള  നടപടി  ആരംഭിച്ചത്.  ജൂണിൽ 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ജൂലൈയിൽ ടെൻഡർ നടപടി ആരംഭിച്ച്‌ സെപ്‌തംബറോടെ നിർമാണം ആരംഭിക്കാനാകും.
മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  സ്ഥലം സന്ദർശിച്ചിരുന്നു.  വിട്ടുകൊടുക്കുന്ന ഭൂമിക്ക്‌ ന്യായവിലയുടെ ഇരിട്ടി തുകയും 12 ശതമാനം പലിശയും ഉൾപ്പെടെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള  ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെയാണ്‌ തടസ്സങ്ങൾ നീങ്ങിയത്‌. റോഡ്‌ നിർമാണത്തിന്‌ 50 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ട്‌.