പ്രതിഷേധത്തിനൊടുവിൽ വാകയാട് – നടുവണ്ണൂർ, ഉള്ളിയേരി – കോഴിക്കോട് ബസ് സർവീസിന് വീണ്ടും അനുമതി ലഭിച്ചു

നടുവണ്ണൂർ: പ്രതിഷേധത്തിനൊടുവിൽ വാകയാട് – നടുവണ്ണൂർ, ഉള്ളിയേരി – കോഴിക്കോട് ബസ് സർവീസിന് വീണ്ടും അനുമതി ലഭിച്ചു. ശനിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വാകയാട് നിന്ന് രാവിലെ ട്രിപ്പ് ആരംഭിച്ച് രാത്രി വാകയാട് ട്രിപ്പ് അവസാനിപ്പിക്കുന്ന നിലയിലാണ് റൂട്ട് അനുവദിച്ചിട്ടുള്ളത്. ഈ റൂട്ടിൽ ദീർഘകാലം ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും സമീപകാലത്തായി സർവീസ് നിർത്തിയിരിക്കുകയായിരുന്നു. സർവ്വീസ് നിലച്ചതോടെ വീണ്ടും റൂട്ട് ആരംഭിക്കുന്നതിനായി കൊയിലാണ്ടി ഡയറി ഉൾപ്പെടെ മാധ്യമങ്ങളിലൂടെ നാട്ടുകാരുടെ പ്രതിഷേധം വാർത്തയായിവന്നിരുന്നു. തുടർന്നാണ് അധികാരികൾ വീണ്ടും ബസ്സ് റൂട്ട് അനുവദിക്കാൻ തീരുമാനിച്ചത്.
.

.
രാവിലെ 6.35 വാകയാട് നിന്ന് ആരംഭിച്ച് 8 മണിക്ക് കോഴിക്കോട് എത്തിച്ചേരുകയും, വൈകീട്ട് 6.35ന് കോഴിക്കോട് നിന്ന് ആരംഭിച്ച് രാത്രി 8 മണിക്ക് വാകയാട് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് ഇനി സർവീസ് നടത്തുകയെന്നാണ് അറിയുന്നത്. സർക്കാർ ഓഫീസുകളിലേക്കും, കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാർ, വിദ്യാർത്ഥികൾ ഇവർക്കെല്ലാം വലിയ ആശ്വാസമായിരുന്നു ഈ സർവീസ്. എന്നാൽ ട്രിപ്പുകൾ ചുരുക്കി നിലവിൽ ബസ് സർവീസ് ഉള്ളിയേരിൽ നിന്ന് ആരംഭിച്ച് ഉള്ളിയേരിയിൽ തന്നെ അവസാനിപ്പിക്കുന്നുതുകൊണ്ട് യാത്രക്കാർ വളരെയേറെ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
.
വൈകിട്ട് 4.00 വാകയാട് നിന്ന് ആരംഭിക്കുന്ന സർവീസ് 5.55 മെഡിക്കൽ കോളേജിൽ എത്തിച്ചേരുമ്പോൾ രോഗികളെ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സർവ്വീസ് നിലച്ചതോടെ യാത്രക്കാർ പ്രതിഷേധത്തിലായിരുന്നു.
.

.
എന്നാൽ ട്രിപ്പ് കട്ട് ചെയ്ത് ഇപ്പോൾ ഉള്ളിയേരി മുതൽ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുന്നുള്ളു എന്ന സ്ഥിതി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയാണെന്നുള്ള ആക്ഷേപവും ഉയർന്നിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോൾ സർവ്വീസ് വീണ്ടും ആരംഭിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായിരിക്കുന്നത്.
