അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് വധഭീഷണി

ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് വധഭീഷണി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി ജി ശ്രീദേവിക്ക് നേരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വധഭീഷണിയുണ്ടായത്. സംഭവത്തിൽ ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളായ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ പ്രതികളായ 15 പേർക്കും വധശിക്ഷ വിധിച്ചിരുന്നു. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. ഇതിനു ശേഷമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയുമുണ്ടായത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്‌ജിയുടെ സുരക്ഷ വർധിപ്പിച്ചു.

2021 ഡിസംബർ 19 നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നതിന് തലേന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടിരുന്നു. ഷാന്റെ കൊലപാതകത്തെ തുടർന്നാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.

