KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.

പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിക്കും. പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Advertisements

 

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച് അതിക്രൂരമായ പീഡനം.

 

ഇതിന് ശേഷം നടിയെ നടന്‍ ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. നടന്‍ ലാല്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎല്‍എയും സംഭവം അറിഞ്ഞെത്തി. തുടര്‍ന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.

Share news