നടിയെ ആക്രമിച്ച കേസ്; വിധിയ്‌ക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി പി രാജീവ്
.
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിയ്‌ക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായ നീതി കിട്ടിയില്ല. സർക്കാർ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകി. കുറ്റം തെളിയിക്കപ്പെട്ടത് സ്വാഗതാർഹം. പക്ഷേ അതിന് അനുസൃതമായി അല്ല വിധി വന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. ദിലീപ് പറഞ്ഞത് കുറ്റവിമുക്തൻ ആയപ്പോഴുള്ള അഭിപ്രായം. കേസിൽ ആദ്യം തന്നെ സർക്കാർ ഇടപെടൽ നടത്തി. നടിയുടെ അഭിപ്രായം പരിഗണിച്ചാണ് ഓരോ ഇടപെടലും നടത്തിയത്. കേരളത്തിൽ ഈ സർക്കാർ അല്ലെങ്കിൽ ഇങ്ങനെ ഒരാളെ അറസ്റ്റ് ചെയ്യുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

പൊലീസ് നന്നായി തന്നെ കേസ് അന്വേഷിച്ചു എന്നും സർക്കാർ ശക്തമായ അപ്പീൽ നൽകും എന്നും സർക്കാർ പൂർണമായും അതിജീവിതയ്ക്കൊപ്പം നിൽക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.




