ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെയാണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

അതിനിടെ, ഗോവിന്ദച്ചാമിക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പ് ചുമത്തി. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. PDPP 3(1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്. സെന്റര്‍ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകര്‍ത്തുവെന്നതാണ് കുറ്റം. BNS 225(B) വകുപ്പ് മാത്രമാണ് നേരത്തെ ചുമത്തിയിരുന്നത്. ആറു മാസം തടവ് മാത്രം ശിക്ഷയുള്ള കുറ്റമാണ് ജയില്‍ ചാട്ടമെന്നാണ് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നത്.

