സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപനം: പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. അയൽവാസി രാജു ജോസ് ആണ് പൊലീസിൻ്റെ പിടിയിലായത്. പ്രിയദർശിനി ഉന്നതിയിലെ 14കാരിക്ക് ആണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പെൺകുട്ടിയെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ആക്രമണത്തിനിരയാക്കിയത്. സ്റ്റുഡന്റ് പൊലീസ് കെഡേറ്റായ പെണ്‍കുട്ടിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് ഇടയാക്കിയത്. നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായ രാജു ജോസ്, തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.




