KOYILANDY DIARY.COM

The Perfect News Portal

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ ചക്കുംകടവ് സ്വദേശി എം.പി ഹൌസിൽ മുഹമ്മദ് ഫാസിൽ (22) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം, എറണാകുളം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ നല്ലളം, ടൌൺ, കസബ, പന്തീരാങ്കാവ്, ചെമ്മങ്ങാട്, വെള്ളയിൽ, കേളകം, കുണ്ടോട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളിലായി മോഷണം, കവർച്ച, പിടിച്ചുപറി, തടഞ്ഞുനിർത്തി അടിച്ച് പരിക്കേൽപ്പിച്ചതിനും മറ്റുമായി നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
02.05.2025 തിയ്യതി ഉള്ള്യേരി സ്വദേശിയെ കോഴിക്കോട് KSRTC ബസ്റ്റ് സ്റ്റാന്റിന് മുൻവശം വെച്ച് ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ച് കൊണ്ടുപോയതിന് പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ KAAPA ഓർഡർ പ്രകാരം കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിയ്ക്കെതിരെ പന്നിയങ്കര പോലീസ് KAAPA നടപടി സ്വീകരിച്ചത്.
പ്രതിക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  അരുൺ കെ. പവിത്രൻ, ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകളക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Share news