ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഫറോക്ക്: ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഐക്കരപ്പടി തൈക്കാരത്തൊടി വീട്ടിൽ മുജീബ് റഹ്മാൻ (38) ആണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായർ പുലർച്ചെ പന്ത്രണ്ടരയോടെ മോഡേൺ ബസാറിന് സമീപം ഞെളിയൻപറമ്പ് മാലിന്യ സംഭരണ കേന്ദ്രത്തിന് മുമ്പിലായിരുന്നു അപകടം.

ബന്ധുവിനെ കൂട്ടാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിലിടിക്കുകയായിരുന്നു. ഡൽഹിയിൽനിന്ന് ചരക്കുമായെത്തിയതായിരുന്നു ട്രക്ക്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് ഭാഗികമായി തകർന്നു.
ഡ്രൈവർ ഇതിനകത്ത് കുരുങ്ങിയതുകണ്ട കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി രജീഷ് വിവരം അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു. ഇവരെത്തി യുവാവിനെ പുറത്തെടുത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
