KOYILANDY DIARY.COM

The Perfect News Portal

പെട്രോൾ ബോംബ്‌ ആക്രമണത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു

ഒറ്റപ്പാലം: കഴിഞ്ഞ മാസമുണ്ടായ പെട്രോൾ ബോംബ്‌ ആക്രമണത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശി വിഷ്ണുവാണ്‌ (27) മരിച്ചത്‌. ജനുവരി 23നായിരുന്നു സംഭവം. അമ്പലപ്പാറ ചുനങ്ങാട് വാണീവിലാസിനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്ത്‌ താമസിക്കുന്ന നീരജ്‌ (31) ആണ്‌ ആറ് തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്‌. നീരജിനെ നേരത്തെ തന്നെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

നിർമാണത്തിലിരുന്ന വീട്ടിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുനേരെ നീരജ്‌ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിനും ബാലുശേരി സ്വദേശി പ്രിയേഷിനും (32) ഗുരുതരമായി പരിക്കേറ്റു. ഇരുവർക്കും 40 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. കൊയിലാണ്ടി കന്നൂർ സ്വദേശികളായ ജിതിൻ (27), ബാലൻ (51) എന്നിവർക്ക്‌ നിസാരമായും പരിക്കേറ്റു. മറ്റ് രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

ജനുവരി 13 പുലർച്ചെ 2.17ന് വാണീവിലാസിനി അംഗൻവാടി റോഡ് അവസാനിക്കുന്നിടത്തെ വീട്ടിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ കുളത്തിന്റെ പടവുകൾ നിർമിക്കാനെത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ പൂമുഖത്ത് കിടന്നുറങ്ങുകയായിരുന്നു തൊഴിലാളികൾ. പൂമുഖത്തെ ചുമരിലേക്കെറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ നിലത്ത് തീപടരുകയായിരുന്നു. നാട്ടുകാരും പൊലീസുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

Advertisements
Share news