മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.

ഓരോ വാർഡിൽ നിന്നും അഞ്ചു വീതം റിസോഴ്സ് പേഴ്സണൽമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശിൽപശാല സംഘടിപ്പിച്ചത്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. എ സുധാകരൻ (ജില്ലാ ആസൂത്രണ സമിതി മെമ്പർ) റിസോഴ്സ് പേഴ്സൻമാർക്ക് ക്ലാസ് നൽകി.

കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത അങ്കണവാടികൾ, ഹരിത ഓഫീസുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പദ്ധതികൊണ്ട് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ഇ. ഇന്ദിര, ഇ കെ അജിത്ത് മാസ്റ്റർ, കെ ഷിജു മാസ്റ്റർ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS), കൗൺസിലർമാരായ പി. രത്നവല്ലി എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി. പ്രജില സ്വാഗതവും . നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.

വീട്ടുമുറ്റ ശുചിത്വ സദസ്സുകൾ, ശുചിത്വ പദയാത്രകൾ, വീടു കയറിയുള്ള ക്യാമ്പയിനുകൾ, പൊതു ഇടങ്ങളിലെ ശുചീകരണം, സ്ഥാപന ശുചീകരണം, ശുചിത്വബോധവൽക്കരണം പ്രവർത്തനങ്ങൾ, ബഹുജന ശുചിത്വ സദസ്സുകൾ, വിദ്യാലയങ്ങളിൽ ശുചിത്വ പഠനോത്സവം, നഗരസഭാതല കുട്ടികളുടെ ഹരിത സഭ, നഗരസഭയിലെ മുഴുവൻ വീടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ ഭവനം പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ വരും നാളുകളിൽ നടത്തുമെന്ന് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് പറഞ്ഞു.
