നാടകവേദിയില്‍ രക്തഹാരമണിയിച്ചൊരു വിവാഹം; ഷെൽട്ടർ നാടക വേദിയിൽ പ്രണയവിവാഹം

തോപ്പിൽ ഭാസിയുടെ ഒളിവ് ജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം തന്നെ ആവിഷ്കരിച്ച ഷെൽട്ടർ എന്ന നാടകത്തിനിടയിൽ നടന്റെ വിവാഹം. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന ഷെൽട്ടർ എന്ന നാടകത്തിന്റെ അവസാനമാണ് നടന്റെ വിവാഹം വേദിയിൽ നടന്നത്.

മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് തങ്ങളുടെ വിവാഹത്തിനായി നാടകവേദി തെരഞ്ഞെടുത്തത്. ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടി ആ പരിചയം പ്രണയത്തിലൂടെ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. നാടകം കാണാൻ എത്തിയവരും അത്ഭുതത്തോടെയാണ് വിവാഹത്തിന് സാക്ഷികളായത്. കല ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് അരങ്ങിൽ വെച്ച് തന്നെ വിവാഹിതനാകണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് നടൻ പ്രശാന്ത് പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് വധു വരന്മാരുടെ വിവാഹം വേദിയിൽ നടത്തിയത്. വധുവിന്റെ ആദ്യ സമ്മാനമായി പ്രശാന്തിന് ലഭിച്ചത് നാടകത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്. താലികെട്ടും മറ്റു ചടങ്ങുകളും ഇനി മൂവാറ്റുപുഴയിലാകും നടക്കുക.

