ദേശീയപാതയിൽ എലത്തൂരിൽ ടിപ്പർ ലോറിയും ബസ്സും അപകടത്തിൽപ്പെട്ടു

കോഴിക്കോട്: ദേശീയപാതയിൽ എലത്തൂരിൽ ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും മറിഞ്ഞ് 15ഓളം പേർക്ക് പരിക്കുണ്ടെന്നാണ് അറിയുന്നത്. എലത്തൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കണിക ബസ്സ് ടിപ്പർ ലോറിക്ക് പിറകിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നാലോളം പേർക്ക് കാര്യമായ പരിക്കുണ്ടെന്നും റിപ്പോർട്ടുണ്ട്.

നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഇപ്പോൾ വാഹനങ്ങൾ ക്രെയിൽ ഉപയോഗിച്ച് സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്ന് റോഡിൽ പരന്നൊഴുകിയ ഓയിൽ ഫയർഫോഴ്സ് നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ഗതാഗതക്കുരുക്കിന് ഭാഗികമായ പരിഹാരമായിട്ടുണ്ടെങ്കിലും കുരുക്കൊഴിവാക്കാൻ അത്തോളി വഴി വാഹനം തിരിച്ചുവിടുന്നുണ്ട്.

