നെല്ലിയാമ്പതി പുലിയമ്പാറയിലെ കിണറ്റിൽ അകപ്പെട്ട പുലിയെ കൂട്ടിൽ കയറ്റി

നെല്ലിയാമ്പതി പുലയമ്പാറയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി. കിണറ്റിലേക്ക് കൂടിറക്കിയാണ് പുലിയ കൂട്ടിനകത്താക്കിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇതിനെ പിന്നീട് പറമ്പിക്കുളത്തെ ഉൾവനത്തിലേക്ക് തുറന്ന് വിട്ടത്.

മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്. തുടർന്ന് നെല്ലിയാമ്പതി കൈകാട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് പുലിയെ മാറ്റി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ പരിശോധിച്ചു. നെന്മാറ എംഎൽഎ കെ ബാബുവും സ്ഥലത്തെത്തിയിരുന്നു.

പുലയൻമ്പാറയിലെ ജോസിൻ്റെ വീട്ടിലെ ആൾമറയില്ലാത്ത കിണറിലാണ് പുലി കുടുങ്ങിയത്. നെല്ലിയാമ്പതി വെറ്റിനറി ഡിസ്പെൻസറിയിലെ ജീവനക്കാരിയായ ജോസിന്റെ ഭാര്യ സീന വീട്ടിലെത്തിയപ്പോഴാണ് പകൽ മൂന്നിന് കിണറിനകത്ത് പുലിയെ കണ്ടത്. ഉടനെ പൊലിസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രാത്രി 12 മണിയോടെയാണ് പുലിയെ കൂടിനകത്താക്കിയത്. ബുധനാഴ്ച രാവിലെ വീട്ടിനു സമീപത്തെ കുരങ്ങൻമാർ ബഹളം വെച്ചതായി സീന പറഞ്ഞു . പുലി കിണറിൽ കുടുങ്ങിയത് അറിഞ്ഞായിരിക്കാം കുരങ്ങുകൾ ബഹളം വെച്ചതെന്നാണ് കരുതുന്നത്.

