KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ പാക്കണ്ടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. പുള്ളിപ്പുലിയെ കൊച്ചുപമ്പ ഉള്‍വനത്തില്‍ എത്തിച്ച് തുറന്നു വിട്ടു. വനം വകുപ്പ് സ്ഥാപിച്ച് കൂടിനു സമീപത്തായി ആടിനെ കെട്ടിയിരുന്നു. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി കുടുങ്ങുകയായിരുന്നു.

പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രൻറെ വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കഴിഞ്ഞ രാത്രി ഒമ്പതോടെ പുലി വീണത്. തുടര്‍ന്ന് പരിസരവാസികളെയും വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 31നു രാത്രി രണേന്ദ്രൻറെ രണ്ട് ആടുകളെ പുലി പിടിച്ചിരുന്നു. ഒന്നിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തിരുന്നു.

സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. രാത്രിയില്‍ വന്‍തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനു പിന്നാലെ കൂട് മറയ്‌ക്കേണ്ടിവന്നു. പിന്നീട് കൂട് വാഹനത്തില്‍ കയറ്റി പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചശേഷം രാവിലെ ഉള്‍വനത്തിലെത്തിച്ച് പുലിയെ തുറന്നുവിടുകയായിരുന്നു. കൂടല്‍ ഇഞ്ചപ്പാറ ഭാഗത്തും പുലി അടുത്തിടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇവിടെയും കൂട് സ്ഥാപിച്ചിട്ടുണ്ട്.

Advertisements
Share news