കഞ്ചാവ് കടത്താൻ ചെറിയ ഒരു പരീക്ഷണം നടത്തി; അവസാനം എക്സൈസ് പിടിയില്‍

ആദ്യ ഡോസ് ടെസ്റ്റ് ചെയ്യാം പരീക്ഷണം വിജയിച്ചാല്‍ വലിയ രീതിയില്‍ പദ്ധതി ആരംഭിക്കാം. യുവാവ് മനസില്‍ കണക്കുകൂട്ടി. അങ്ങനെ ചെറിയ ഒരു പരീക്ഷണത്തിന് ഇറങ്ങി നോക്കി, പക്ഷെ പദ്ധതി പാളിപ്പോയി എക്സൈസിൻ്റ പിടിയിലായി. കഞ്ചാവ് കടത്തിയാൽ എക്സൈസ് പിടികൂടുമോ എന്ന് പരിശോധിക്കാൻ വേണ്ടി കഞ്ചാവ് കടത്തിയ യുവാവാണ് എക്സൈസിൻ്റ പിടിയിലായത്.

പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ കഞ്ചാവ് കടത്താനായിരുന്നു പദ്ധതി. പക്ഷെ സംഭവം എക്സൈസ് മുളയിലെ നുള്ളി. ഇന്നലെ രാവിലെ അമരവിളയിലാണ് സംഭവം. കഞ്ചാവ് വില്പന നടത്തുന്ന യുവാവിനാണ് ഇങ്ങനെയൊരു ബുദ്ധി തോന്നിയത്. ആദ്യം ചെറിയ അളവിൽ കഞ്ചാവ് കൊണ്ടുവരുക, പിടികൂടിയില്ലെങ്കിൽ കൂടുതൽ കൊണ്ടുവന്ന് വില്പന നടത്തുക എന്നതായിരുന്നു പദ്ധതി. ഓണത്തിന് മയക്കുമരുന്നുകൾ കടത്തുന്നത് പിടികൂടാൻ പ്രത്യേക നിരീക്ഷണം എക്സൈസ് സംഘടിപ്പിച്ച സമയത്താണ് യുവാവിന്റെ പരീക്ഷണം. ആളെന്തായാലും ഇപ്പോ അകത്തായി.

