സ്കൂളുകളിൽ 220 അധ്യയന ദിനം ഉറപ്പാക്കേണ്ട സാഹചര്യം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനം ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് ബാക്കി നടപടി സ്വീകരിക്കും. അധ്യാപകർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ തീർപ്പാക്കാൻ മേഖലാ അദാലത്തുകൾ നടത്തും. വടക്കൻ ജില്ലകളിൽ ജൂലൈ 19ന് കോഴിക്കോടും മധ്യകേരളത്തിൽ ജൂലൈ 26ന് കൊച്ചിയിലും തെക്കൻ ജില്ലകളിൽ ആഗസ്‌ത് അഞ്ചിന് കൊല്ലത്തും അദാലത്ത് നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ പിന്തുണ അറിയിച്ചു.

സ്കൂൾ പ്രവൃത്തിദിനം: ഹൈക്കോടതി
സർക്കാർ നിലപാട് തേടി
സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തിദിവസം 220 ആക്കിയതിനെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹെെക്കോടതി സർക്കാരിന്റെ നിലപാട് തേടി. പ്രവൃത്തിദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. സർക്കാർ സ്കൂൾ പ്രവൃത്തിദിവസം 220 ആക്കിയത് തങ്ങൾ അടക്കമുള്ള കക്ഷികളെ കേൾക്കാതെയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

അതേസമയം സ്കൂൾ പ്രവൃത്തിദിവസം 205 ആയി വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ നൽകിയ ഹർജി കഴിഞ്ഞദിവസം ഹെെക്കോടതി തീർപ്പാക്കിയിരുന്നു. സ്‌കൂളുകളിൽ 220 പ്രവൃത്തിദിനം ഉൾപ്പെടുത്തി പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. സിലബസുകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ 220 പ്രവൃത്തിദിനം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

