KOYILANDY DIARY

The Perfect News Portal

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ്‌ സംവിധാനം ഏർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ്‌ സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മന്ത്രി പി എ  മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ക്യുആർ കോഡ് വഴി അഭിപ്രായം രേഖപ്പെടുത്താനും റേറ്റിങ്‌ നൽകാനുമുള്ള സംവിധാനമാകുമിത്‌. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ നടപ്പാക്കിയ പദ്ധതി സംസ്ഥാനവ്യാപകമാക്കും.

Advertisements

എല്ലാ ജില്ലകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ടോയ്‌ലറ്റുകളുടെ നിർമാണവും പുനരുദ്ധാരണവും പരിഗണനയിലുണ്ട്‌. ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കുന്നുണ്ട്‌. യാത്രക്കാർക്ക് ബോട്ടിലേക്ക് കയറാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.  

 

ജലാശയങ്ങളിലും ബീച്ചുകളിലും എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കും. ഇവർക്ക് നിലവിൽ ഇൻ‌ഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അതോടൊപ്പം ഇവർക്ക് വിശ്രമിക്കാനുള്ള പ്രത്യേകം ടെന്റുകളും കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കും.

Advertisements

 

വയനാട്‌ അടക്കം വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് താങ്ങാനാകുന്നതിലധികം ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്. കൂടുതൽ കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുള്ള ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ 35 ഇടങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കും. നക്ഷത്രങ്ങളെ കണ്ട് ഉറങ്ങാൻ താൽപര്യപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള ആസ്ട്രോണമി ടൂറിസം എന്ന ആശയത്തിനും ഏറെ സാധ്യതകളാണുള്ളത്.

 

അതിനു പറ്റിയ ഇടമാണ് ഇടുക്കി ജില്ല. വിദേശ വിനോദ സഞ്ചാരികളെ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഉപയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി വിവിധ ഭാഷകൾ സംസാരിക്കുന്നവരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.