KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത് തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുകാരന് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുകാരന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യം പ്രസാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിൽ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം ഉണ്ടാക്കിയിരുന്നു. ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു.

ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞു വീ‍ഴുകയായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമം ഉണ്ടാക്കിയ പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡിൽ കണ്ട തർക്കം പരിഹരിക്കാൻ വേണ്ടിയാണ് ശ്യാമ പ്രസാദ് വാഹനത്തിൽ നിന്ന് ഇറങ്ങിയത്. പ്രതി ജിബിൻ ജോർജ് സ്ഥിരം കുറ്റവാളിയാണ്. ഏഴ് കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതി എത്തിയത് തട്ടുകടക്കാരുടെ തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുത്തെന്ന് സംശയമുണ്ട്. ഇവിടെ ഒരു കട മതി എന്നുപറഞ്ഞ് പ്രതി പ്രശ്നമുണ്ടാക്കിയിരുന്നു. സംഘർഷം പൊലീസുകാരൻ മൊബൈലിൽ ചിത്രീകരിച്ചതാണ് അദ്ദേഹത്തെ അക്രമിക്കുന്നതിലേക്ക് നയിച്ച പ്രകോപന കാരണം. ശ്യം പ്രസാദിനെ നിലത്തിട്ട് നെഞ്ചിൽ ചവിട്ടിയെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisements
Share news