”ആകാശത്തോളം” സെല്ലി കീഴൂർ എഴുതിയ കവിത
ആകാശത്തോളം സെല്ലി കീഴുർ എഴുതിയ കവിത.
വരികളിൽ എവിടെയോ ഒടിഞ്ഞു തൂങ്ങി ഞാനുമുണ്ട്,
ജരാനര ബാധിക്കാത്ത
ജനാലകൾക്കിപ്പുറത്ത്
പ്രതീക്ഷ നൽകുന്നയൊന്ന്
മരണം മാത്രമാണെന്ന ഓർമ്മയിൽ,..
മനസാക്ഷിക്കു മുൻപിൽ
എനിക്കൊന്ന്
കുംമ്പസാരിക്കണം
മജ്ജയും മാംസവും വറ്റിപ്പോയ
എല്ലിൻകൂടിൽ
യൗവ്വനം വറ്റാത്ത എന്നോട് തന്നെ
എല്ലാം ഏറ്റുപറയണം
ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ,..
ഈ സായന്തനത്തിൽ
എനിക്ക് ചിലരോടൊക്കെ മാപ്പ്
ചോദിക്കണം,..
ഞാൻ സമയം പാഴാക്കിയ എന്റെ
ഔദ്യോഗിക ജീവിതത്തിനോട്
ഫോണിൽ കുത്തി തീർത്ത
സമയങ്ങളോട്..
നിരുത്തരവാദിത്തപരമായ
എന്റെ പ്രവൃത്തി കൊണ്ട്
ജീവിതവിജയം നഷ്ടമായ മനുഷ്യജന്മങ്ങളോട്..
മരവിച്ച ചിന്തകൾ കൊണ്ട്
ഉപയോഗശൂന്യമാക്കിയ
എന്റെ പ്രജ്ഞയോട്..
ആർഭാടത്തിൽ അഭിരമിച്ച്
ജീവിതം പാഴാക്കിയ എനിക്ക്
നന്ദിയോതേണ്ടത് വൃദ്ധസദനത്തിലെ
ഈ ജനാലപ്പടികളോട് മാത്രം
ചിന്തയിൽ തീ ആളിപ്പടർന്നെപ്പോഴും
എനിക്ക് സമാധാനം തന്നത്
പ്രതീക്ഷയുടെ ആകാശത്തോളം
വളർന്ന ഈ കിളി വാതിലുകളായിരുന്നു.