നാല് ദിവസം വരെ നിൽക്കുന്ന 15000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ രംഗത്ത്

നാല് ദിവസം വരെ നിൽക്കുന്ന 15000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ അവതരിപ്പിച്ച റിയൽമിയാണ് സ്മാർട്ഫോൺ ലോകത്തെ വാർത്താതാരം. അധികം കനമില്ലാതെ ഇത്രയും വലിയ ബാറ്ററി ഫോണിനുള്ളിൽ ഒളിപ്പിക്കാൻ റിയൽമിക്ക് സാധിച്ചതിൽ അവർ ഒരു കയ്യടിയും അർഹിക്കുന്നുണ്ട്. ഈ വാർത്ത കേൾക്കുന്നവർ പലരും വർഷങ്ങൾ പിന്നിലേക്ക് ചിന്തിച്ചിട്ടുണ്ടാകും. 15000 എംഎഎച്ച് ബാറ്ററി വച്ചിട്ട് വെറും നാല് ദിവസമോ? വെറും 1450 എംഎഎച്ച് ബാറ്ററിയുമായി ആഴ്ചകൾ ഓടിയ നൊസ്റ്റാൾജിക് ഓർമ്മകളാവും നമ്മുടെ മനസ് നിറയെ അപ്പോൾ ഓടിയെത്തിയിട്ടുണ്ടാവുക.ട

ബാറ്ററികളുടെ ചരിത്രം: 1999 ലാണ് ആരംഭഘട്ടത്തിലായിരുന്ന മൊബൈൽ ഫോൺ ചരിത്രത്തിൽ വിപ്ലവകരമായ അധ്യായത്തിന് തുടക്കമിട്ടു കൊണ്ട് നോക്കിയ 3210 വിപണിയിലേക്ക് വരുന്നത്. ആ കാലത്ത് കോളും എസ് എം എസും മാത്രമായിരുന്നു മൊബൈൽ കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ. അതിന് 1450 എംഎഎച്ച് ബാറ്ററി ധാരാളമായിരുന്നു. 5 മുതൽ 7 ദിവസം വരെ നിലനിന്നിരുന്ന ഇവ എൻ ഐ എം എച്ച് അഥവാ നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒരു തവണ ചാർജ് ചെയ്‌താൽ ഒരാഴ്ച പിന്നെ ഫോൺ കുത്തിയിടുന്നതിനെ പറ്റി വേവലാതിപ്പെടേണ്ട ആവശ്യമേ അന്നത്തെ തലമുറക്ക് ഇല്ലായിരുന്നു.

ലിഥിയം – അയൺ ബാറ്ററികൾ: കാലം കടന്നു പോയതോടെ സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഫോണിന്റെ ഭാരവും കനവും കുറഞ്ഞെങ്കിലും ബാറ്ററിയുടെ കാര്യക്ഷമത വർധിച്ചു. 2000 ആണ്ടിന്‍റെ തുടക്കത്തിൽ ലിഥിയം – അയൺ ബാറ്ററികൾ എത്തിയതോടെ വൻ മാറ്റം പ്രകടമായി. ഇത് ഫോണുകളുടെ തിക്ക്നസും ഭാരവും കുറച്ചു. ചാർജിങ് വേഗത വർധിച്ചു. സ്റ്റാൻഡ് ബൈ മോഡിലും ചാർജ് അനാവശ്യമായി നഷ്ടപ്പെടില്ല എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഈ ബാറ്ററിക്ക് ആയുസും കൂടുതലായിരുന്നു.

ഇന്നത്തെ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യകളുടെ അടിസ്ഥാന മോഡലായിരുന്നു ലിഥിയം – അയൺ ബാറ്ററികളെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഓവർ ഹീറ്റിങ് എന്ന വില്ലനായിരുന്നു ഇത്തരം ബാറ്ററികളുടെ പ്രധാന പ്രശ്നം. ആദ്യകാല നോക്കിയ, ബ്ലാക്ക്ബെറി ഫോണുകൾ, 2007 ഐഫോൺ തുടങ്ങി സാംസങ് ഗാലക്സി സീരീസ് അടക്കമുള്ള ഫോണുകളിൽ ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കപ്പെട്ടു.

ലിഥിയം – പോളിമർ ബാറ്ററികൾ
നമ്മുടെ കയ്യിലുള്ള ഇന്നത്തെ സ്മാർട്ഫോണുകളുടെയെല്ലാം പവർഹൗസായി പ്രവർത്തിക്കുന്നത് ലിഥിയം പോളിമർ ബാറ്ററികളാണ്. ഈ ബാറ്ററികളുടെ വരവോടെ ഫോണുകൾ കൂടുതൽ സ്ലിം ആയി. കപ്പാസിറ്റി 5000 മുതൽ 7000 എംഎഎച്ച് വരെയുള്ള വമ്പൻ ബാറ്ററികൾ 8 എംഎം തിക്ക്നെസിൽ ഒളിപ്പിക്കാൻ ലിഥിയം പോളിമർ സാങ്കേതികവിദ്യ സഹായിച്ചു. ലിഥിയം – അയൺ ബാറ്ററികളേക്കാൾ ഭാരം കുറവാണ് എന്നതും മറ്റൊരു സവിശേഷതയാണ്. ഓവർ ഹീറ്റിങ് – പൊട്ടിത്തെറി ഭയവും വേണ്ട. അതിവേഗത്തിൽ ചാർജ് ആവും എന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ ഇവയ്ക്ക് വില കൂടുതലാവും. നിലവിൽ വിപണിയിലുള്ള ഐഫോൺ, സാംസങ് എസ് സീരീസ്, പിക്സൽ, റിയൽമി, ഓപ്പോ, വിവോ അടക്കമുള്ള എല്ലാ ഫോണുകളിലും ലിഥിയം പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, റിവേഴ്സ് ചാർജിങ്
ഇന്നത്തെ കാലത്തെ സ്മാർട്ഫോൺ ഉപയോക്താക്കൾ ഒരു ഫോണിൽ ബാറ്ററിയുടെ കപ്പാസിറ്റി മാത്രമല്ല, എത്രവേഗത്തിൽ ഫുൾ ചാർജ് ആകും എന്ന് കൂടിയാണ് നോക്കുന്നത്. അതിനാൽ, വിപണിയിൽ ഒരു ഫോണിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഫാസ്റ്റ് ചാർജിങ്. 2010 ൽ 5 മുതൽ 10 വാട്ട് വരെയായിരുന്നു ഫോണുകളുടെ ചാർജിങ് സ്പീഡ്. മൂന്ന് മണിക്കൂറുകൾ വരെ എടുത്താണ് ഐഫോണും സാംസങ് ഗാലക്സി ഫോണുകളും ചാർജ് ആയിക്കൊണ്ടിരുന്നത്.
2015 ൽ ക്വാൽകോം ക്വിക്ക് ചാർജിങ് എത്തിയതോടെ 18 വാട്ട് ഫാസ്റ്റ് ചാർജിങ് സാധ്യമായി. 2017 ൽ വൺപ്ലസ്, ഓപ്പോ എന്നിവരും ഈ രംഗത്ത് പുതിയ സാങ്കേതിക വിദ്യകളുമായെത്തി. 2018 ൽ ഷവോമി 25 വാട്ട് അതിവേഗ ചാർജിങ് അവതരിപ്പിച്ചു. 2020 ൽ 65 വാട്ട് ചാർജർ എത്തി. ഒരു മണിക്കൂറിൽ 5000 എംഎഎച്ച് ബാറ്ററി ഫോണുകൾ മുഴുവനായി ചാർജ് ആകാൻ തുടങ്ങി.
2023 – 2025 കാലയളവിൽ വമ്പൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. വൺപ്ലസ്, ഐക്യൂ, ഷവോമി എന്നിവർ 120 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമായി വിപണിയിലെത്തി. 5 മിനിറ്റിൽ മുഴുവൻ ചാർജ് ആകുന്ന ഹൈപ്പർ ചാർജ് വിദ്യ ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ വിവിധ മോഡലുകളിൽ ഇത് വന്നേക്കാം. എന്നാൽ, ആപ്പിൾ, ഗൂഗിൾ പിക്സൽ, സാംസങ് ഫോണുകൾ ഇപ്പോഴും മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗത്തിലാണ് ചാർജ് ആകാറുള്ളത്. ബാറ്ററിയുടെ ഹെൽത്തിന്‍റെ കാര്യത്തിൽ എഐ ഒപ്റ്റിമൈസ്ഡ് ചാർജിങ് സംവിധാനം ഉപയോഗിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിലവിൽ വിപണിയിലെത്തുന്ന 90 ശതമാനം ഫോണുകളും വയർലെസ് ചാർജിങ് പിന്തുണക്കുന്നവയാണ്. സ്മാർട്ഫോണുകൾക്ക് ഒരു ‘ഫ്യൂച്ചറിസ്റ്റിക് ടച്ച്’ നൽകുന്ന സവിശേഷതയാണ് വയർലെസ് ചാർജിങ്. എന്നാൽ വയേർഡ് ചാർജിങ്ങിനെക്കാൾ വളരെ വേഗത കുറവാകും ഇതിന്. നിലവിൽ 25 വാട്ടിന് മുകളിൽ പിന്തുണക്കുന്ന ഫോണുകളുണ്ട്. ഒടിജി കേബിൾ വഴി മറ്റൊരു ഡിവൈസ് ചാർജ് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് റിവേഴ്‌സ് ചാർജിങ്. വമ്പൻ കപ്പാസിറ്റിയുള്ള ഫോണുകൾ വച്ച് മറ്റു ഫോണുകളും ഇങ്ങനെ ചാർജ് ചെയ്യാം. പക്ഷെ, ചാർജിങ് വേഗത വളരെ കുറവായിരിക്കും.
ഫോണുകൾ പവർബാങ്കുകളാകുന്ന കാലം – ബാറ്ററികളുടെ ഭാവി
ഇന്ന് ഇറങ്ങുന്ന ബഡ്ജറ്റ് ഫോണുകൾ അടക്കം 6000 എംഎഎച്ചോ അല്ലെങ്കിൽ അതിന് മുകളിലോ ബാറ്ററി കപ്പാസിറ്റി ഉള്ളവയാണ്. സാധാരണ ഗതിയിലുള്ള ഉപയോഗങ്ങൾക്ക് ഒന്നര ദിവസം വരെ ബാറ്ററി ലഭിക്കുന്ന ഈ ഫോണുകളിലും ഭാവിയിൽ വമ്പൻ മാറ്റം വന്നേക്കും.
സോളിഡ് സ്റ്റേറ്റ് ബാറ്ററി, ഗ്രാഫീൻ ബാറ്ററി, സോഡിയം അയൺ ബാറ്ററി തുടങ്ങിയ പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത്. കൂടുതൽ ശേഷിയും, ഹെൽത്ത് കുറയാതെ വർഷങ്ങൾ പ്രവർത്തിക്കാനുള്ള കഴിവും ഇത്തരം ബാറ്ററികൾക്കുണ്ടാകും. മിനിറ്റുകൾ കൊണ്ട് ഇവ ചാർജാകും. ചൂടാകില്ല എന്നതും മറ്റൊരു സവിശേഷതയാണ്. നിർമാണ ചെലവ് കുറവായ ഇത്തരം ബാറ്ററികൾ പരിസ്ഥിതി സൗഹൃദവുമായിരിക്കും.
എഐ ഉപയോഗിച്ച് ബാറ്ററി ഹെൽത്ത് സംരക്ഷിക്കുന്ന വിദ്യയും ഇന്നുണ്ട്. സെൽഫ് ഹീലിങ് ബാറ്റികൾക്കായുള്ള ഗവേഷണത്തിലാണ് ഇന്ന് ശാസ്ത്രലോകം. അതിവേഗത്തിൽ ചാർജ് ചെയ്യാവുന്ന, വമ്പൻ കപ്പാസിറ്റിയുള്ള, സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പുതിയ തലമുറ ബാറ്ററികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നമ്മൾ
